Tuesday, October 29, 2013

Quantum Physics - An Inroduction

ക്വാണ്ടം ഫിസിക്സ്- ഒരു ആമുഖം
“വെളിച്ചം വീശിയ” കണ്ടുപിടിത്തങ്ങള്‍
ക്വാണ്ടം മെക്കാനിക്സ് അഥവാ ക്വാണ്ടം ഫിസിക്സ് എന്ന ശാസ്ത്ര ശാഖയുടെ ആവിര്‍ഭാവം തികച്ചും ആകസ്മികമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഉണ്ടായ തുടര്‍ച്ചയായ ചില കണ്ടുപിടിത്തങ്ങളും ആശയങ്ങളും, ഏതാണ്ട് അപ്രാപ്യം എന്ന് തോന്നിച്ചിരുന്ന ചില മേഖലകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു. ഈ കണ്ടുപിടിത്തങ്ങളെല്ലാം, ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരേ സമുദ്രത്തിന്‍റെ വിവിധ കൈവഴികള്‍ പോലെ പ്രവര്‍ത്തിച്ചു. ഐന്‍സ്റ്റീന്‍, മാക്സ് പ്ലാങ്ക്, ഷ്രോഡിഞ്ച്രര്‍, നീല്‍സ് ബോര്‍, സത്യേന്ദ്ര നാഥ് ബോസ്, ഡൈറാക്ക്, പോളി, എന്നീ ശാസ്ത്രജ്ഞരുടെ വിവിധ കണ്ടെത്തലുകള്‍ ക്വാണ്ടം ഫിസിക്സ്‌ എന്ന ശാസ്ത്ര ശാഖയുടെ ആവിര്‍ഭാവത്തിനു വഴി തെളിച്ചു. ‘പദാര്‍ഥങ്ങളുടെ ദ്വന്തവ്യക്തിത്വം’ എന്ന ക്വാണ്ടം ഫിസിക്സിലെ ഏറ്റവും അടിസ്ഥാനപരമായ കണ്ടുപിടിത്തം മാറ്റിമറിച്ചത് ശാസ്ത്രത്തിന്റെ വിശ്വാസപ്രമാണങ്ങളെ ആയിരുന്നു. അന്ന് വരെ വിശ്വാസങ്ങളിലും, സാധ്യതകളിലും ഊഹാപോഹങ്ങളിലും ഉത്തരം തേടി ആശ്വസിച്ചിരുന്ന ശാസ്ത്രജ്ഞരുടെ സഞ്ചാര പഥം സ്വതന്ത്രമായിത്തീര്‍ന്നു.
സാധാരണ ന്യുട്ടോണിയന്‍ മെക്കാനിക്സ് ഉപയോഗിച്ച് വിശദീകരിക്കാന്‍ പറ്റാത്ത പ്രതിഭാസങ്ങളെ ക്വാണ്ടം മെക്കാനിക്സ് കൊണ്ട് നമുക്ക് എളുപ്പം വിശദീകരിക്കാന്‍ സാധിക്കും. ഇവയെല്ലാം തുടങ്ങുന്നത് അറിവിന്‍റെ പ്രതീകമായി മനുഷ്യ സമൂഹം കരുതിപ്പോരുന്ന വെളിച്ചത്തില്‍ നിന്നാണ്. അറിവിന്റെ ഉറവിടമായ പ്രകാശത്തില്‍ നിന്ന്.

എന്താണ് പ്രകാശം “LIGHT എന്ന അടിസ്ഥാനപരമായ ചോദ്യം, മറ്റു പല ചോദ്യങ്ങളും കൂടി ഉയര്‍ത്തിക്കൊണ്ടുവന്നു. ഈ സന്ദര്‍ഭത്തിലാണ് പ്രശസ്തമായ ക്വാണ്ടം ആശയം രൂപം കൊള്ളുന്നത്‌. പ്രകാശം എന്നത് ഒരു തരംഗം ആണെന്നും, പ്രകാശത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് ഫോട്ടോണ്‍ എന്ന പദാര്‍ത്ഥമാണെന്നും ഉള്ള പരസ്പര വിരുദ്ധമായ തിരിച്ചറിവ് ശാസ്ത്ര ലോകത്ത് ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ട്ടിച്ചു. ഈ പ്രഹേളികയെ എളുപ്പത്തില്‍ മനസിലാക്കണമെങ്കില്‍ ആദ്യമായി പ്രകാശത്തിന്‍റെ തരംഗ സിദ്ധാന്തം എന്താണെന്ന് മനസിലാക്കണം.
പ്രകാശത്തെ സംബന്ധിച്ച് ഒട്ടനേകം അവ്വ്യക്തധാരണകള്‍ ശാസ്ത്ര ലോകത്ത് ഉണ്ടായിരുന്നു.­­­­­ അവയില്‍ പ്രധാനമായിരുന്നു പ്രകാശത്തിന്‍റെ തരംഗ സ്വഭാവം. ക്വാണ്ടം തിയറിയുടെ ആവിഷ്ക്കാരത്തിന് മുന്‍പ് ആളുകള്‍ വിശ്വസിച്ചിരുന്നത് പ്രകാശത്തിനു തരംഗ സ്വഭാവം മാത്രമേ ഉള്ളൂ എന്നാണ്. പ്രകാശം സഞ്ചരിക്കുന്നത് തരംഗ രൂപത്തില്‍ ആണെന്നുള്ളത്‌ മനസിലാക്കാന്‍ സാങ്കേതിക ജ്ഞാനമൊന്നും ആവശ്യമായിരുന്നില്ല. എന്നിരുന്നാല്‍ത്തന്നെയും, ക്രിസ്ത്യന്‍ ഹൈജീന്‍സ്, തോമസ്‌ യങ്ങ്, എന്നീ പ്രമുഘരുടെ പഠനം പ്രകാശത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ചു.
ക്രിസ്റ്റീന്‍ ഹൈജീന്‍സ് ബഹിരാകാശ പഠന രംഗത്ത്‌ നല്‍കിയ സംഭാവനകള്‍ നിസ്തുലമായിരുന്നെങ്കിലും, അദ്ദേഹത്തെ പ്രശസ്തനാക്കിയത് പ്രകാശ തരംഗ സിദ്ധാന്തമായിരുന്നു. അദ്ദേഹവും, സുഹൃത്തായ ഫ്രെസ്ണലും ചേര്‍ന്ന് ഹൈജീന്‍സ്- ഫ്രെസ്ണല്‍ സിദ്ധാന്തം രൂപീകരിച്ചത് ഏതാണ്ട് 340 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. വലിയ വാഗ്വാദങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ നടത്തിയ ഈ ചെറിയ പരീക്ഷണം, പ്രകാശത്തിന്‍റെ തരംഗ സ്വഭാവത്തെ ശങ്കയ്ക്കിടയില്ലാത്തവണ്ണം സ്ഥിതീകരിച്ചു. പ്രകാശത്തിന്‍റെ പാതയില്‍ തടസ്സം സൃഷ്ട്ടിക്കുന്ന ഏതൊരു വസ്തുവും അതില്‍ പുതിയ തരംഗ വ്യതിയാനങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കി തന്നു. കത്തിച്ചു വച്ച മെഴുകു തിരിക്കു അടുത്തേയ്ക്ക് കൈവിരലുകള്‍ കൊണ്ടുവരുമ്പോള്‍ നിഴല്‍ വലുതായി വരുന്നത് കാണാം. ചെറിയ വിരലുകള്‍ വലിയ നിഴലുകള്‍ സൃഷ്ടിക്കുന്ന ഈ മായാജാലം പ്രകാശത്തിന്‍റെ തരംഗ സ്വഭാവത്തിന് ഉദാഹരണമാണ്. മേല്‍ക്കൂരയിലെ ചെറിയ സുഷിരങ്ങളിലൂടെ കടന്നു വരുന്ന പ്രകാശ രശ്മി താഴെയ്ക്കെത്തുന്തോറും വലുതായി വരുമെന്ന് നിങ്ങള്‍ക്കറിയാം.

ഡിഫ്രാക്ഷന്‍, ഇന്‍റര്‍ഫെറന്‍സ് എന്നിങ്ങനെയുള്ള പ്രകാശത്തിന്‍റെ പ്രതിഭാസങ്ങളെ കൃത്യമായി വിശദീകരിക്കാന്‍ ഹൈജീന്സിന്‍റെ ഈ തിയറിക്ക് സാധിച്ചു.
പ്രശ്നങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നു എന്നാണ് ശാസ്ത്ര ലോകം കരുതിയത്‌. പ്രകാശത്തെപ്പറ്റിയുള്ള എല്ലാ സംശയങ്ങള്‍ക്കും ഉള്ള ഉത്തരം തരാന്‍ ഹൈജീന്‍സ്- ഫ്രെസ്ണല്‍ സിദ്ധാന്തത്തിന് കഴിഞ്ഞില്ല. കൂടുതല്‍ സങ്കീര്‍ണ്ണവും വൈരുധ്യാത്മകവുമായ ഒരു പ്രതിസന്ധിയിലെയ്ക്ക് വീണ്ടും ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നു. സര്‍ ഐസക്ക് ന്യൂട്ടന്റെ അഭിപ്രായം ഈ നിരീക്ഷണങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു. ഇത് വൈരുധ്യാത്മകതയ്ക്ക് ആക്കം കൂട്ടി.
ലോകത്ത് ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ എന്ന വിശേഷണത്തിന് സര്‍വാത്മനാ യോഗ്യനായ വ്യക്തിയായിരുന്നു സര്‍ ഐസക്ക് ന്യൂട്ടന്‍. പ്രകാശത്തെയും അതിന്‍റെ പ്രത്യേകതകളെയും സംബന്ധിച്ച് എന്ത് പറയാന്‍ തുടങ്ങുമ്പോഴും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മാന്ത്രിക സ്ഫടികക്കല്ലിനെയും പറ്റി പ്രതിപാദിക്കാതിരിക്കാന്‍ സാധ്യമല്ല. ഇലകള്‍ എങ്ങനെ പച്ച നിറത്തില്‍ ഇരിക്കുന്നു എന്നും, പ്രകൃതി വര്‍ണ്ണസുരഭിലാമായി തിളങ്ങുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം തന്‍റെ വര്‍ണ്ണ സിദ്ധാന്തത്തിലൂടെ വ്യക്തമാക്കി തന്നു. പ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന ഏഴു വര്‍ണ്ണങ്ങളെ അതിന്‍റെ എല്ലാ സൌന്ദര്യത്തോടും കൂടി അദ്ദേഹം തന്‍റെ സ്ഫടിക പരീക്ഷണത്തിലൂടെ വ്യക്തമാക്കി (Prism Experiment).  അദ്ദേഹത്തിന്‍റെ പ്രശസ്തമായ കോര്‍പ്പസ്ക്കുലാര്‍ തിയറി, പ്രകാശത്തിന്റെ പ്രഹേളികകളെ വെളിച്ചത്തു കൊണ്ടു വരാന്‍ പരിശ്രമിച്ചു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പ്രകാശം എന്നത് പദാര്‍ഥങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഒന്നായിരുന്നു. ഈ സിദ്ധാന്തം ഏതാണ്ട് നൂറുവര്‍ഷത്തോളം ചോദ്യം ചെയ്യപ്പെടാതെ കിടന്നു. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും ക്രിസ്റ്റീന്‍ ഹൈജീന്‍സിന്‍റെ തരംഗ സിദ്ധാന്തത്തെ കവച്ചു വച്ച് ന്യൂട്ടന്‍റെ സിദ്ധാന്തം പ്രചാരം നേടി.

                                               
എന്താണ് യഥാര്‍ത്ഥത്തില്‍ പ്രകാശം? ന്യുട്ടന്‍ പറഞ്ഞത് പോലെ ചെറിയ പദാര്‍ഥങ്ങളാണോ, അതോ ഹൈജീന്സിന്‍റെ തരംഗങ്ങളാണോ? രണ്ടുപേരും ലോകം കണ്ടതില്‍ വച്ച് ഏറ്റവും മഹാന്മാരായിട്ടുള്ള ശാസ്ത്രജ്ഞര്‍, തങ്ങളുടേതായ മേഖലകളില്‍ താരതമ്യമില്ലാത്ത പ്രതിഭകള്‍. ഇവരില്‍ ഒരാളെ തള്ളിപ്പറയേണ്ട അവസ്ഥയിലായി ശാസ്ത്ര സമൂഹം.
പ്രകാശം എന്ന പ്രതിഭാസം
ശാസ്ത്ര ലോകം ചേരി തിരിഞ്ഞ് നടത്തിയ സംവാദങ്ങളും ചര്‍ച്ചകളും, ആരെയും പൊതുവായ ഒരു ആശയത്തിലേയ്ക്ക് നയിക്കുന്നതിന്‍റെ സൂചന പോലും ഉണ്ടായില്ല. രണ്ടു നിഗമനങ്ങളും ഒരുപോലെ അപര്യാപ്തമായി വരുന്ന ചില പ്രത്യേക സ്വഭാവങ്ങള്‍ പ്രകാശം പ്രകടിപ്പിക്കുന്നത് ശാസ്ത്രജ്ഞരെ മുന്‍പെങ്ങും ഇല്ലാത്തവണ്ണം കുഴക്കി.
പ്രകാശം എന്നത് ഊര്‍ജ്ജം ആണെന്നും, നിശ്ചിത അളവിലുള്ള ഊര്‍ജ്ജത്തിന്റെ ചെറിയ ‘ക്വാണ്ടം’ പായ്ക്കറ്റുകള്‍ ആയാണ് അത് സഞ്ചരിക്കുന്നത് എന്നും ശാസ്ത്രജ്ഞന്മാര്‍ക്ക് പിന്നീട് നടത്തിയ പരീക്ഷണ നിരീക്ഷ്നങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചു. ഒരേ വലിപ്പത്തിലും ഒരേ തൂക്കത്തിലും ഉള്ള കുറേ ഇഷ്ട്ടികകള്‍ കൊണ്ട് ഒരു വീട് നിര്‍മിക്കുന്നത് പോലെയാണിത്. പ്രകാശത്തിന്റെ അടിസ്ഥാന കണങ്ങളായ ക്വാണ്ടം എനെര്‍ജി പാക്കറ്റുകള്‍ എല്ലാം ഒരേ അളവിലുള്ള ഊര്‍ജ്ജം കൊണ്ട് നിറച്ചിരിക്കുന്നു. ഇത്തരത്തില്‍ ഒരേ ഊര്‍ജ്ജതലത്തില്‍ നിലനില്‍ക്കുന്ന പ്രകാശത്തിന്റെ അടിസ്ഥാന കണങ്ങളെ ശാസ്ത്ര സമൂഹം ഫോട്ടോണുകള്‍ എന്ന് വിളിച്ചു. പ്രകാശത്തെ മുറിച്ചു മുറിച്ചു ചെറുതാക്കി എടുക്കാന്‍ നമുക്ക് സാധിക്കുകയാണെങ്കില്‍ ഒരേ അളവിലുള്ള ഫോട്ടോണ്‍ ക്വാണ്ടം പാക്കറ്റുകള്‍ ലഭിക്കും.


Monday, October 28, 2013

The Phenomenal Physics

ഭാരതത്തിന്റെ ആധ്യത്മീക ജ്ഞാനം വിലമതിക്കാന്‍ പറ്റാത്തതാകുന്നു. നിങ്ങള്‍ എവരും കണാദ മഹര്‍ഷിയെ പറ്റി കേട്ടിരിക്കും. ടെമോക്രാടസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞന് ആറ്റം എന്ന വെളിപാട് ഉണ്ടാകുന്നതിനു ശതാബ്ദങ്ങള്‍ മുന്‍പ് തന്നെ സ്വന്തമായി ആടോമിക് തിയറിക്ക് രൂപം കൊടുത്ത മഹാനായ ഇന്ത്യന്‍ തത്വ ചിന്തകന്‍....
അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭികാഞ്ഞത്, ആധുനീക ശാസ്ത്ര മേഘലയിലെ പാശ്ചാത്യ സ്വാധീനം കൊണ്ട് കൂടി ആകാം. എന്നാല്‍ പ്രാചീന ഭാരതത്തിലെ അവസ്ഥയോ? പരമാണു എന്ന ഏറ്റവും ചെറിയ അടിസ്ഥാന ഘടകത്തെ പറ്റി വിശദീകരിച്ച അദ്ദേഹത്തെ അവര്‍ ഒരു ഭ്രാന്തനെ പോലെയെന്നോണം ആട്ടിയോടിച്ചു. എല്ലായ്പ്പോഴും പരമാണു എന്ന കണത്തെ പറ്റി വിശദീകരിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ പ്രാചീനരായ ജനത കളിയാക്കി കണാദന്‍ എന്ന് വിളിച്ചു.
വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രീതി മനുഷ്യ സമൂഹം എക്കാലത്തും തുടര്‍ന്നുകൊണ്ടിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായി നമുക്ക് ഈ കഥയെ കാണാവുന്നതാണ്. കണാദ മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കണങ്ങളെ ഭക്ഷിക്കുന്നവന്‍ എന്ന് അര്‍ഥം വരുന്നതായതിനാല്‍ കണാദന്‍ എന്ന പേര് ഈ കഥയെ സാധൂകരിക്കുന്നു.
അടിസ്ഥാന കണങ്ങള്‍ കൊണ്ട് എല്ലാം നിര്‍മിച്ചിരിക്കുന്നു എന്ന ഏറ്റവും ചെറിയ തത്വം മനസിലാക്കാന്‍ നിരക്ഷരരായ ആദിമ ജനതയ്ക്ക് പ്രയാസമായിരുന്നു. ഒന്നാലോചിക്കുമ്പോള്‍ നിസ്സാരമായ സംഗതികളാണ് മനസിലാക്കാനുംമനനം ചെയ്യാനും പ്രയാസം.
സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നില്ല, മറിച്ച്, ഭൂമിയാണ്‌ സൂര്യന് ചുറ്റും കറങ്ങുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഗലീലിയോക്ക് സംഭവിച്ചതും മറിച്ചല്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഗതികള്‍അല്പം കടുപ്പമായിരുന്നു എന്ന് മാത്രം. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കോപ്പര്‍ നിക്കസ് എന്ന ശാസ്ത്രജ്ഞന്‍ കത്തോലിക്കാ സഭയുടെ അപ്രീതിക്ക് പാത്രമാകുന്നത്. സൂര്യ കേന്ദ്ര സിദ്ധാന്തം ബൈബിള്‍ വചനങ്ങള്‍ക്ക് എതിരായത് കൊണ്ട് കോപ്പര്‍ നിക്കസിനെ മത വിരോധിയും മനുഷ്യ വിരോധിയും ആയി ചിത്രീകരിക്കാന്‍ പോലും സഭ മടിച്ചില്ല എന്നത് ചരിത്രം. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിക്കുമ്പോള്‍ അതി ദാരുണമായ പല സംഭവങ്ങളും നമ്മുടെ ശ്രദ്ധയില്‍ പെടും. അത്തരത്തിലൊരു കഥയാണ്‌ ഗിയോര്‍ദാണോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍റെത്‌.
Giordano_Bruno
പതിനാറാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയില്‍ ജീവിച്ചിരുന്ന ഈ തത്വചിന്തകന്‍, കേവലം നിരുപദ്രവകരമായ പ്രസ്താവനകളുടെയും അഭിപ്രായങ്ങളുടെയും പേരില്‍ വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ബൈബിളിനു നിരക്കുന്നതല്ല എന്ന കാരണത്താലായിരുന്നു ഈ കൊലപാതകം. സൂര്യന്‍ എന്നത് ഒരു നക്ഷ്ത്രമാനെന്നും, അതിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നത് ഭൂമിയാണെന്നും, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ല എന്നുമുള്ള സിദ്ധാന്തം അദ്ദേഹത്ത അഗ്നിക്കിരയാകാന്‍ മത ഭ്രാന്തന്മാരെ പ്രേരിപ്പിച്ചു. അവരുടെ അഭിപ്രായത്തില്‍ ദൈവം സൃഷ്‌ടിച്ച ഈ ഭൂമിയാണ്‌, പ്രപഞ്ചത്തിന്റെ കേന്ദ്രം. സൂര്യനും സര്‍വ ചരാചരങ്ങളും ചലിക്കുന്നത്‌ ഭൂമിയെ ആധാരമാക്കിയാണ്. ദൈവത്തിന്റെ സൃഷ്ടിയെ പറ്റി സംശയിക്കുന്നത് പോലും കൊടിയ പാപമായി കരുതിയിരുന്ന പ്രാചീന യൂറോപ്യന്മാര്‍ ആ ശാസ്ത്രജ്ഞന് നല്‍കിയത് മരണ ശിക്ഷയാണ്.
ഗലേലിയോയുടെ കാര്യത്തില്‍ ഇത്രത്തോളം സംഗതികള്‍ വഷളാകാതിരുന്നത്‌ എന്തുകൊണ്ടാണെന്ന് ചരിത്രം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
പുരാതന ഇറ്റലിയില്‍ കേവലമൊരു സംഗീതജ്ഞന്‍റെ മകനായി ജനിച്ച ഗലേലിയോ ഗലീലി, തന്റെ പെന്‍ഡുലം ക്ലോക്കിന്റെ ആവിഷ്കാരത്തോടെ പ്രശസ്തനായി. ഒരു ഇറ്റാലിയന്‍ പാതിരിയായി മാറാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം ഗണിതശാസ്ത്രത്തോടുള്ള അഭിവാഞ്ജ മൂലം ശാസ്ത്രജ്ഞനായി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് ടെലെസ്കോപില്‍ ആയിരുന്നു. വാനനിരീക്ഷണം പതിവാകിയ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് ചന്ദ്രനായിരുന്നു. അത് വരെയുള്ള നിഗമന പ്രകാരം ചന്ദ്രോപരിതലം അതിമനോഹരവും, സുതാര്യവും, കൂടാതെ മിനുസമുള്ളതും ആയിരുന്നു. തന്‍റെ മന്ത്രക്കുഴലിലൂടെ ഗലീലിയോ കണ്ട ചന്ദ്രോപരിതലം ഈ നിഗമനങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. പഴമക്കാരുടെ അടിസ്ഥാനമില്ലാത്ത വിശ്വാസ പ്രമാണങ്ങളെ പറ്റി സംശയം തോന്നിയ ഗലീലിയോ വാന നിരീക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി.
വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനിടയില് അദ്ദേഹം രൂപം കൊടുത്ത സൂര്യകേന്ദ്ര സിദ്ധാന്തം വളരെയധികം എതിര്‍പ്പുകള്‍ വിളിച്ചു വരുത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അറിവിന്‍റെ വാതായനങ്ങള്‍ ഒന്നൊന്നായി തുറന്നു വരികയായിരുന്നു. ഓരോരോ കണ്ടെത്തലുകളും അദ്ദേഹത്തിന്റെ നിഗമനങ്ങളെ ശരിവച്ചു. ഓരോ തവണ ചിന്തിക്കുമ്പോഴും കാര്യങ്ങള്‍ കൂടുതല് കൂടുതല്‍ സ്പഷ്ട്ടമായി വന്നു. കണ്മുന്‍പില്‍ തെളിഞ്ഞു വന്ന പ്രപഞ്ച സത്യത്തെ എല്ലാവര്‍ക്കും മനസിലാക്കികൊടുക്കാന്‍ ഇറങ്ങി പുറപ്പെട്ട അദ്ദേഹം പക്ഷെ മനുഷ മനസ്സിനെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. തിരു വചനങ്ങള്‍ക്ക് എതിരായ നിലപാടെടുതതിനാല്‍, ഗലീലിയോയെ മത ഭ്രാന്തന്മാര്‍ വേട്ടയാടി. ഒടുവില്‍, കാലങ്ങള്‍ നീണ്ട പീഡനത്തിന് ശേഷം ഗലീലിയോ പരസ്യമായി മാപ്പ് പറഞ്ഞു.
മാപ്പ് പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മന്ത്രിച്ചത്രേ ‘ഇപ്പോഴും ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു” എന്ന്. ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും പരപ്രേരണത്തിന് വിധേയരായി മനസ്സില്ലാമനസ്സോടെ അസത്യം അംഗീകരിക്കേണ്ടി വരിക എന്നത് വളരെ അസ്സ്വാസ്ത്യ ജനകമായ ഒരു വസ്തുതയാണ്.
Particle Collision


സൂര്യന്‍ കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കുന്ന കാഴ്ച്ച ദിവസവും കാണുന്ന നിരക്ഷരരായ ജനങ്ങളോട് അത് തെറ്റാണെന്ന് വിളിച്ചു പറയുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരിച്ചിട്ടുണ്ടാകും എന്ന് ആലോചിക്കുന്നത് രസകരമായിരിക്കും. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്കാണ്. മനുഷ്യന്‍റെ ബുദ്ധിക്കും ധിഷണാ ശക്തിക്കും നേരെയുള്ള മതത്തിന്റെയും മതഭ്രാന്തന്മാരുടെയും കടന്നു കയറ്റം.

Saturday, October 26, 2013

Indian nuclear endeavor – an insider’s view

Being an Indian, there is no doubt that I am proud of my country’s achievements, especially about the ‘global nuclear power’ status. But, have you ever wondered how the young republic India managed to surpass a stage of obnoxious hearsay from international community?ഇന്ത്യയുടെ ന്യൂക്ലിയര്‍ പരീക്ഷണങ്ങളുടെ കഥ പലരും കരുതുന്നതിലും അഗാധവും, മികവുറ്റതും, പാരമ്പര്യമുള്ളതുമാണ്.
ചിരിക്കുന്ന ബുദ്ധന്‍ (Smiling Buddha) എന്ന പേരില്‍ രാജസ്ഥാനിലെ പൊഖ്റാന്‍ മേഘലയില്‍ നടത്തിയ പരീക്ഷണം വിജയം കൈവരിച്ചപ്പോള്‍, ഇന്ത്യ ആര്‍ക്കും അവഗണിക്കാനാകാത്ത ശക്തിയായി മാറുകയായിരുന്നു....
1974 ലെ ഇന്ത്യന്‍ ന്യൂക്ലിയര്‍ പരീക്ഷണത്തെ ലോകസമൂഹം ഭയപ്പാടോടുകൂടിയാണ് വരവേറ്റത്. ഇന്ത്യയുടെ ചേരിചേരാ നയത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന സോവിയറ്റ് യൂണിയനോടുള്ള ചായ്‌വ്, യൂറോപ്യന്‍ ശക്തികളെയും, അമേരിക്കയും ആശങ്കാകുലരാക്കി. അതുകൊണ്ടാണ് എഴുതി തയ്യാറാക്കി വച്ച അഭിനന്ദന സന്ദേശം പോലും ഫ്രഞ്ച് സര്‍ക്കാര്‍ അയക്കാതെ മാറ്റി വച്ചത്.
സ്വന്തം സാങ്കേതിക വിദ്യയും, സ്വന്തം ഉപകരണങ്ങളും, കൊണ്ട് സ്വന്തം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ച “ഇന്ത്യന്‍” ആറ്റംബോംബിന്‍റെ കഥ, ചരിത്രപരമായും, സാമൂഹ്യശാസ്ത്രപരമായും, രാഷ്ട്രീയമായും എല്ലാം പ്രാധാന്യമര്‍ഹിക്കുന്നതാണ്...

1939-ല്‍ ഹോമി.ജെ.ഭാഭ ന്യൂക്ലിയര്‍ സയന്‍സിലെ ഉപരിപഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയതോടെയാണ് ഇന്ത്യയില്‍ ന്യൂക്ലിയര്‍ വസന്തം ആരംഭിച്ചത് എന്ന് പറയാം. സ്വാതന്ത്രലബ്ധിക്ക് മുന്‍പ് തന്നെ അദ്ദേഹം... (To be continued…)

Friday, October 25, 2013

FRUSTRATED FACE OF BROKEN DIPLOMACY

FRUSTRATED FACE OF BROKEN DIPLOMACY


It was nothing more than a puny servant’s supplication, which we saw on last Wednesday at white house.


അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങളെ പറ്റി വിലപിക്കാനും, ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ സഹായം തേടാനുമുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ പാഴായിപ്പോയ വൈറ്റ് ഹൗസ് സന്ദർശനം, ഇനിയെങ്കിലും പാകിസ്ഥാൻറെ കണ്ണുകൾ തുറപ്പിക്കട്ടെ....

ഉദ്ദേശിച്ച രീതിയിൽ അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല, സ്ഫുടവും സ്പഷ്ടവുമായ രീതിയിൽ പാകിസ്ഥാന്റെ തീവ്രവാദ-അനുകൂല നിലപാടുകളെ ഒബാമ ചോദ്യം ചെയ്യുകയും ചെയ്തു.അമേരിക്കൻ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ പാകിസ്ഥാന് ഒരു ദശാബ്ദക്കാലം മുന്പുവരെ ഉണ്ടായിരുന്ന സ്വാധീന ശക്തി ഇന്ന് പൂര്ണ്ണമായും നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് ഈ സന്ദർശനം വീണ്ടും ലോകത്തോട്‌ വിളിച്ചു പറഞ്ഞിരിക്കുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആശാവഹമായ റഷ്യ-ചൈന-സന്ദർശനങ്ങളുടെ സാഹചര്യത്തിൽ, പാകിസ്ഥാന്റെ ഈ പുതിയ നയ 'തന്ത്ര' നിലപാടുകളെ കൂട്ടി വായിക്കേണ്ടതാണ്. പ്രത്യേകിച്ചും, വിഭജനകാലം മുതൽ പാകിസ്ഥാൻ ഇന്ത്യയോട് പുലര്‍ത്തിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വൈര്യം അമേരിക്കയുടെ പുത്തൻ സ്ഥാപിത താല്പര്യങ്ങൾക്ക് ഒരു തലവേദനയായി മാറിയിരിക്കുന്ന നൂതന രാഷ്ട്രീയ കാലാവസ്ഥയിൽ....

ശീത യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സോവിയറ്റ് യൂണിയനുമായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം അമേരിക്കയെ പാകിസ്ഥാനുമായി അടുപ്പിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
പാകിസ്ഥാനേക്കാള്‍ എന്തുകൊണ്ടും വിശ്വാസയോഗ്യമായ ഒരു സുഹൃത്താണ് ഇന്ത്യ എന്ന് അമേരിക്ക മനസിലാക്കാന്‍ വീണ്ടും സമയമെടുത്തു...

അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്ന്. റഷ്യ-ഇന്ത്യ-ചൈന എന്ന ത്രികക്ഷി സഖ്യം അമേരിക്കയെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലില്ല. എന്നിരുന്നാലും, ഒത്തു ചേരലിനുള്ള രാഷ്ട്രീയ കാലാവസ്ഥ ഇപ്പോഴും ഈ രാജ്യങ്ങള്‍ തമ്മില്‍ ഇലനില്‍ക്കുന്നു.
ഇതിനിടയില്‍, പാക് അനുകൂല നിലപാടെടുത്ത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചെറിയ കളങ്കം പോലും ഉണ്ടാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കവും, അമേരിക്കയുടെ ആളില്ലാ വിമാനാക്രമണങ്ങളെ പറ്റിയുള്ള പ്രതിഷേധവും പ്രധാനമന്ത്രി പ്രകടിപ്പിച്ചെങ്കിലും, യാതൊരു വിധത്തിലുമുള്ള പ്രതികരണങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല, ഷെരീഫിന്‍റെ വായടപ്പിക്കുന്ന ചോദ്യങ്ങളും ഉണ്ടായി. മുംബൈ ആക്രമണത്തിലെ പ്രതികളുടെ വിചാരണ വൈകുന്നതിന്‍റെ സാംഗത്യം എന്ത് എന്ന ഒബാമയുടെ നേരിട്ടുള്ള ചോദ്യ ശരത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല.
ഇതിനോടൊപ്പം തന്നെ, പാക്കിസ്ഥാനി വിഭവങ്ങളായ ദാലും കീമയും പാചകം ചെയ്യാന്‍ തനിക്കറിയാമെന്ന്‌ കൂടി പറഞ്ഞു വെച്ച ഒബാമ, നവാസ് ഷെരീഫിനെ പ്രത്യക്ഷത്തില്‍ ആട്ടിയിറക്കി വിടുകയാണ് ചെയ്തത്...
അതിര്‍ത്തിതര്‍ക്കമോ ഇന്ത്യയോ അല്ല പാകിസ്ഥാന്‍റെ മൌലികമായ പ്രശ്നം. ഭീകരവാദം എന്ന ആല്‍മരം, അതിന്‍റെ എല്ലാ പ്രൌഡിയോടും കൂടി അവിടെ വളര്‍ന്നു നില്‍ക്കുന്നു. ചെറു വേരുകളടക്കം അതിനെ മാന്തിയെറിഞ്ഞാലേ പാകിസ്ഥാന്‍റെ ആഭ്യന്തര കലഹങ്ങള്‍ അവസാനിക്കൂ.