Wednesday, July 16, 2014

വികേന്ദ്രീകരണത്തിന്റെ ഭാവിയും വിജയ സാധ്യതകളും

A Gandhi constitution for independent India എന്നത് നാരായണ്‍ അഗർവാൾ 1946-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഗാന്ധി തന്നെ അവതാരിക എഴുതിയിട്ടുള്ള ഈ പുസ്തകം അധികാര വികേന്ദ്രീകരണത്തിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു. കൊളോണിയൽ ഭരണകാലത്ത് നമ്മുടെ പൂർവ്വികർ അനുഭവിച്ച അതേ സ്വാതന്ത്രം തന്നെയേ വ്യത്യസ്ത സാഹചര്യത്തിലും നമ്മൾ അനുഭവിക്കുന്നുള്ളൂ. അധികാരത്തിന്റെ നിയന്ത്രണ ദണ്ഢോ, നിയമ നിർമ്മാണത്തിന്റെ കിരീടമോ ഇന്നും സാധാരണക്കാരന് അപ്രാപ്യമായി നില്ക്കുന്നു.
സ്വതന്ത്ര ഇന്ത്യയിൽ പഞ്ചായത്തീ രാജ് ത്രീ ടയർ സിസ്റ്റം  വന്നതിനു ശേഷവും അവ കേവലം സ്വയം ഭരണ സ്ഥാപനങ്ങളായി നിലനില്ക്കുന്നു. നമുക്ക് ആവശ്യം സ്ഥാപനങ്ങളല്ല, വ്യവസ്ഥയാണ്‌. സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പകരം സ്വയം ഭരണ വ്യവസ്ഥ.
ഗാന്ധിയൻ എക്കണോമിയുടെ അസ്ഥിത്വം താഴെ നിന്ന് മുകളിലേയ്ക്ക് ഉള്ളതാണ്. താഴെക്കിടയിലുള്ള സാധാരണ ജനങ്ങളിൽ ജനങ്ങളിൽ നിന്ന് തീരുമാനങ്ങളും, നിർദ്ദേശങ്ങളും മുകളിലേയ്ക്ക്  പോകുന്ന രീതി. ആധുനീകവല്ക്കരണാനന്തര ഇന്ത്യയിൽ, ഇന്നും തീരുമാനങ്ങൾ വരുന്നത് മുകളിൽ നിന്നാണ്. അടിച്ചേൽപ്പിക്കപ്പെടുകയാണ് പല തീരുമാനങ്ങളും.
പക്ഷെ, ഗാന്ധിയനിസമായാലും, മൻമോഹനിസമായാലും, പ്രശ്നങ്ങളുടെ മൂല കാരണം ഇതൊന്നുമല്ല. എല്ലാ ബഡ്ജറ്റിലും ഉണ്ട് ജനോപകാരപ്രദമായ ഒട്ടനേകം പദ്ധതികൾ. ദാരിദ്ര നിർമ്മാർജ്ജനത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതികൾ. ഇവയ്ക്കൊക്കെ അനുവദിക്കുന്ന തുകയാകട്ടെ വർഷം തോറും കൂടിക്കൊണ്ടേയിരിക്കുകയാണ്. അപ്പോൾ, പദ്ധതികൾ ഇല്ലാത്തതല്ല കാരണം. നടപ്പിലാക്കാൻ സിസ്റ്റം ഇല്ലാത്തതുമല്ല, ഇവയ്ക്കിടയിൽ എവിടെയോ ഉള്ള ഒരു പ്രായോഗിക പൊരുത്തക്കേടാണ് പ്രശ്നം.

പഞ്ചായത്തീ രാജ് സിസ്റ്റം, പദ്ധതികൾ നടപ്പിലാക്കാൻ കഴിവുള്ള ഒരു വ്യവസ്ഥ തന്നെയാണ്. പക്ഷേ, പദ്ധതികൾക്കായുള്ള പണം വിനിയോഗിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനങ്ങൾ വേണ്ട വിധത്തിൽ ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുന്നില്ല. പഞ്ചായത്തീ രാജ് ഉടച്ചുവാർക്കുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യവും അത് തന്നെയാണ്. നിയമം മൂലം ഇവയെ കേവല സ്ഥാപനങ്ങൾ എന്ന നിലയിൽ  നിന്നും, ഒരു വ്യവസ്ഥ എന്ന നിലയിലേയ്ക്ക് ഉയർത്തുക. ഇന്ത്യയുടെ ദാരിദ്ര നിർമ്മാർജ്ജനത്തിന്റെ വളർച്ചാനിരക്കിനെ കേന്ദ്ര സർക്കാരിന്റെ ഒരു റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്  'Treadmill Growth' എന്ന പദം കൊണ്ടാണ്. എത്ര ഓടിയാലും ഒരടി പോലും മുന്നോട്ട് നീങ്ങാത്ത അവസ്ഥ. പണം വാരിക്കോരി ചെലവഴിച്ചിട്ടും, അന്താരാഷ്‌ട്ര രംഗത്ത് മനുഷ്യ വികസന പട്ടികയുടെ അരികിലെങ്ങും ഇന്ത്യയെന്ന 'വികസിത' രാഷ്ട്രത്തെ കാണാത്തതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്.
സമ്പൂർണ്ണവും, കാര്യക്ഷമവുമായ അധികാര വികേന്ദ്രീകരണം - ഇതാണ് ദാരിദ്രം നിർമ്മാർജ്ജനം ചെയ്ത് ഇന്ത്യയെ യഥാർത്ഥ വികസനത്തിന്റെ പാതയിലേയ്ക്ക് എത്തിക്കുവാനുള്ള എളുപ്പവഴി.

No comments:

Post a Comment